കണ്ണൂർ: സിപിഎം നേതാവ് പി. നന്ദകുമാറിന്റെ മലപ്പുറത്തെക്കുറിച്ചുള്ള പരാമർശം വിദ്വേഷ പ്രതികരണമാണെന്ന രൂക്ഷവിമർശനവുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. മുൻ മുഖ്യമന്ത്രി പിണറായി വിജയനും സമാനമായ പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്നും ഇത്തരം പ്രസ്താവനകൾ സിപിഎമ്മിന്റെ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണെന്നും സണ്ണി ജോസഫ് ആരോപിച്ചു.
കണ്ണൂരിൽ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നന്ദകുമാറിന്റെ പ്രസ്താവന തിരുത്താൻ അദ്ദേഹമോ സിപിഎമ്മോ തയാറാകുന്നില്ല. തിരുത്തലിന്റെ പാതയിലല്ല, ഇത്തരം പരാമർശങ്ങൾ ആവർത്തിക്കുന്ന നിലപാടിലാണു സിപിഎമ്മെന്നും അദ്ദേഹം ആരോപിച്ചു.
തിരുവനന്തപുരം നഗരത്തിൽ പൊലിസ് ഉദ്യോഗസ്ഥന്റെ വീട്ടിലേക്കു ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിനെയും സണ്ണി ജോസഫ് വിമർശിച്ചു. കേസുമായി ബന്ധപ്പെട്ട പൊലിസ് നടപടികളെ വ്യക്തിപരമായി കാണേണ്ടതില്ല. പൊലിസുകാരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്ന് ആരും കരുതേണ്ടതില്ല.
പൊലിസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ അത് പരിശോധിക്കേണ്ടത് ആഭ്യന്തര വകുപ്പാണ്. നിയമനടപടികളെ രാഷ്ട്രീയ സമ്മർദത്തിലൂടെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസിലെ സംഘടനാപരമായ കാര്യങ്ങൾ പരസ്യമായി ചർച്ച ചെയ്യാതെ പാർട്ടിക്കുള്ളിൽത്തന്നെ സംസാരിക്കണമെന്നാണ് തന്റെ നിലപാടെന്ന് സണ്ണി ജോസഫ് പറഞ്ഞു.
കേരളത്തിലെ സംഘടനാ വിഷയങ്ങൾ ദേശീയ നേതൃത്വവുമായി ഡൽഹിയിൽ ചർച്ച ചെയ്യും. കെ.സി. വേണുഗോപാൽ സ്വീകരിച്ച നിലപാട് തന്നെയാണ് തനിക്കുമുള്ളതെന്നും അത് അടൂർ പ്രകാശിന് മാത്രമല്ല, പാർട്ടിയിലെ എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.